ഭക്ഷണം ഒരു സംസ്കാരം; കേരളീയം 2023ൽ ശ്രദ്ധാകേന്ദ്രമായി കുടുംബശ്രീ ഫുഡ് കോർട്ട്

 | 
kudumbasree]

കേരളീയം 2023ൽ ശ്രദ്ധാകേന്ദ്രമായി കുടുംബശ്രീയുടെ ഫുഡ് കോർട്ട്. മലയാളി അടുക്കള എന്ന് പേരിട്ടിരിക്കുന്ന ഫുഡ് കോർട്ടിൽ കേരളത്തിലെ എല്ലാ പ്രാദേശിക രുചി വൈവിധ്യങ്ങളും ആസ്വദിച്ചറിയാനുള്ള അവസരമാണുള്ളത്. ദിവസവും പതിനായിരക്കണക്കിന് ആളുകൾ കനകക്കുന്നിലെ മലയാളി അടുക്കളയിലേക്ക് എത്തുന്നു. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് മാത്രം 20.67 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ. 

സൂര്യകാന്തി വേദിക്ക് അഭിമുഖമായാണ് ഫുഡ് കോർട്ട് സജ്ജീകരിച്ചിരിക്കുന്നത്. അട്ടപ്പാടിയുടെ സ്വന്തം രുചിയായ വനസുന്ദരി ചിക്കൻ, കാസർകോട് രുചിയായ കടമ്പും കോഴിയും, ചിക്കൻ ചോറ്, ചാക്കോത്തി ചിക്കൻ, ചിക്കൻ കൊണ്ടാട്ടം തുടങ്ങിയ രുചി വൈവിധ്യങ്ങൾ ഇവിടെ നിന്ന് ആസ്വദിക്കാം. ഈ വിഭവങ്ങൾ അന്വേഷിച്ച് ഒട്ടേറെയാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. 

മലബാർ വിഭവങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ആവശ്യമായ തുകയ്ക്ക് കൂപ്പൺ എടുത്താൽ ഏതു സ്റ്റാളിൽ നിന്നും ഇഷ്ടപ്പെട്ട വിഭവങ്ങൾ വാങ്ങിക്കഴിക്കാനാകും. കുടുംബശ്രീ മൈക്രോ സംരംഭക മേഖലയിൽ പ്രവർത്തിക്കുന്ന പതിനാല് ക്യാന്റീൻ യൂണിറ്റുകളാണ് ഫുഡ് കോർട്ടിൽ പങ്കെടുക്കുന്നത്.