കേരളീയം; ഭാവി കേരളത്തിന്റെ വികസനം ചർച്ച ചെയ്ത് അഞ്ച് സെമിനാറുകൾ

 | 
hy


കേരളീയത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ (നവംബർ 2) കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ച ദിശയിൽ സുപ്രധാനമായ അഞ്ച് സെമിനാറുകൾ നടന്നു. കേരളത്തിലെ ഭൂപരിഷ്കരണം, കേരളത്തിലെ കാർഷിക രംഗം, കേരളത്തിലെ ഭക്ഷ്യസുരക്ഷ, കേരളത്തിലെ ക്ഷീരവികസന മേഖല, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനം എന്നീ വിഷയങ്ങളിലായിരുന്നു സെമിനാറുകൾ. 
കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുന്ന രീതിയിൽ ആദ്യസർക്കാർ രൂപപ്പെടുത്തിയ ഭൂപരിഷ്കരണത്തെ കൂടുതൽ കരുത്തോടെ നടപ്പാക്കണമെന്ന നിർദേശമാണ് ഭൂപരിഷ്കരണം സംബന്ധിച്ച സെമിനാറിൽ പ്രധാനമായും ഉയർന്നത്. കേരളത്തിലെ മുഴുവൻ ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള സമഗ്രനിർദേശങ്ങളും ആശയങ്ങളും കൊണ്ട് സെമിനാർ ശ്രദ്ധേയമായി.

സെമിനാറിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായാണ് പട്ടയ മിഷൻ സർക്കാർ അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. 

കാർഷിക കേരളത്തിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മൂല്യവത്തായ നിരവധി നിർദേശങ്ങളാണ് കാർഷിക സെമിനാറിൽ ഉയർന്നത്. നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന സെമിനാറിൽ കാർഷികവികസന, കർഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായിരുന്നു. ആധുനിക കാർഷിക സാങ്കേതികവിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തുമ്പോൾതന്നെ കാർഷിക മേഖലയിലെ കോർപറേറ്റുകൾക്ക് കർഷകരെ വിട്ടുകൊടുക്കേണ്ടതില്ലെന്നും ചെറുകിട കർഷകർക്ക് പരമാവധി പ്രോത്സാഹനം നൽകണമെന്നും അഭിപ്രായമുയർന്നു.

കേരളത്തിന്റെ ക്ഷീരവികസന രംഗത്തെ നേട്ടങ്ങൾ, പുതിയ വെല്ലുവിളികൾ എന്നിവ കേരളത്തിലെ ക്ഷീരവികസനമേഖല മുൻ നിർത്തി ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സെമിനാറിൽ ഗൗരവതരമായി ചർച്ച ചെയ്യപ്പെട്ടു. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സെമിനാറിൽ അധ്യക്ഷയായി.

ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഭക്ഷ്യഭദ്രത എന്ന വിഷയത്തിൽ ടാഗോർ തിയറ്ററിൽ നടന്ന സെമിനാർ വിലയിരുത്തി. കേരളം ജനങ്ങൾക്ക് ഭക്ഷ്യഭദ്രത ഉറപ്പുവരുത്തിയ സംസ്ഥാനമാണ്. പ്രത്യേകിച്ച് കൊവിഡ് കാലഘട്ടത്തിൽ നടത്തിയ ഇടപെടലുകൾ പ്രശംസനീയമാണെന്നും കാര്യക്ഷമമായ പൊതുവിതരണ സംവിധാനമാണ് സംസ്ഥാനത്തിന്റേതെന്നും പ്രമുഖ പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു.

പട്ടികജാതി, പട്ടികവർഗവിഭാഗങ്ങളുടെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളം മികച്ച സാഹചര്യമാണ് ഒരുക്കുന്നതെന്നു പട്ടികജാതി, പട്ടികവർഗവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തികവികസനം സംബന്ധിച്ച് മാസ്കറ്റ് ഹോട്ടലിൽ നടന്ന സെമിനാർ വിലയിരുത്തി. പാർശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് രാജ്യത്തിന് പ്രത്യേകം ഉത്തരവാദിത്തമുണ്ടെന്നും കേരളം ആ ഉത്തരവാദിത്വം ബഹുമുഖ പരിപാടികളിലൂടെ നടപ്പാക്കി വരുന്നുണ്ടെന്നത് സന്തോഷകരമാണെന്നും അക്കാദമിക് വിദഗ്ധനും ഇ.പി.ഡബ്ല്യ മുൻ എഡിറ്ററുമായ ഗോപാൽ ഗുരു അഭിപ്രായപ്പെട്ടു.