കേരളീയം; ശ്രദ്ധേയമായി ചാന്ദ്രയാൻ 2 ദൗത്യത്തിൽ കേരളത്തിന്റെ സംഭാവനകൾ എടുത്തുകാട്ടിയ പ്രദർശനം

 | 
hr

ചാന്ദ്രയാൻ 2 ദൗത്യത്തിന് കേരളം നൽകിയ സംഭാവനകൾ എണ്ണിപ്പറഞ്ഞ് കേരളീയത്തിൽ വ്യവസായ വകുപ്പ് അവതരിപ്പിച്ച പ്രദർശനം കാണികൾക്ക് ഹൃദ്യമായ അനുഭവമായിരുന്നു. ചാന്ദ്രയാൻ-രണ്ടിന് വിവിധ തരത്തിൽ സംഭാവനകൾ നൽകിയ 13 സ്ഥാപനങ്ങളുടെ സ്റ്റാളുകൾക്കൊപ്പം ചാന്ദ്രയാൻ-2 പേടകത്തിന്റെ മാതൃകയും ചന്ദ്രന്റെ മാതൃകയും ഇൻസ്റ്റലേഷനുകളായി പുത്തരിക്കണ്ടത്തെ പ്രദർശനത്തിൽ ഒരുക്കിയിരുന്നു.


പ്രളയക്കെടുത്തിയെ അതിജീവിച്ച കേരളത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവകൊണ്ട് അലങ്കരിച്ച കൂറ്റൻ ഇൻസ്റ്റലേഷനായിരുന്നു പ്രധാന ആകർഷണം. പ്രദർശത്തിനെത്തിയവരുടെ പ്രധാന സെൽഫി പോയിന്റുകൂടിയായി മാറിയിരുന്നു ഇവിടം. സംസ്ഥാനത്തെ പുരോഗമനപരമായ നയങ്ങൾ, കൈവരിച്ച നേട്ടങ്ങൾ എന്നിവ ടൈംലൈൻ മതിലായും ഒരുക്കിയിരുന്നു.

ബ്രാഹ്‌മോസ് എയ്റോ സ്പേസ് ട്രിവാൻഡ്രം ലിമിറ്റഡ്, ഹിൻഡാൽകോ, കെൽട്രോൺ, കേരള ഓട്ടോമൊബൈൽ ലിമിറ്റഡ്, കേരള മെറ്റൽസ് ആൻഡ് മിനറൽസ്, കോർട്ടാസ്, പെർഫക്ട് മെറ്റൽ ഫിനിഷേഴ്സ്, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്ങ്സ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, വജ്ര റബർ പ്രോഡക്ട്സ്, കാർത്തിക സർഫസ് എന്നിങ്ങനെ ചാന്ദ്രയാൻ-2 ന് സംഭാവനകൾ നൽകിയ സ്ഥാപനങ്ങൾ ഉൾപ്പെടെ 43 സ്ഥാപനങ്ങൾ വിവിധ ഉത്പന്നങ്ങളുമായി പ്രദർശനത്തിനുണ്ടായിരുന്നു.