വില്പന കുറവ്; ടാറ്റയും അശോക് ലൈലാന്‍ഡും നിര്‍മാണ പ്ലാന്റുകള്‍ അടച്ചിടുന്നു
ചെന്നൈ: വാണിജ്യ വാഹനങ്ങളുടെ വില്പനയില് രാജ്യത്ത് നേരിടുന്ന മാന്ദ്യം മൂലം നിര്‍മാണ പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങി മുന്‍നിര വാഹന നിര്‍മാതാക്കള്‍. രാജ്യത്തെ പ്രധാന വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലൈലാന്‍ഡും ടാറ്റ മോട്ടോഴ്സുമാണ് തങ്ങളുടെ പ്ലാന്റുകള്‍ താല്‍ക്കാലികമായി അടച്ചിടുന്നത്. ഉത്തരാഖണ്ഡിലെ പന്ത്നഗറിലുള്ള പ്ലാന്റുകള്‍ അടച്ചിടുകയാണെന്ന് കമ്പനികള്‍ അറിയിച്ചു.
ജൂലൈ 11 മുതല്‍ 24-ാം തിയതി വരെ പന്ത്നഗറിലെ ഫാക്ടറി അടച്ചിടുമെന്ന് അശോക് ലൈലാന്‍ഡ് ജീവനക്കാര്‍ക്ക് നല്കിയ സര്‍ക്കുലറില്‍ പറഞ്ഞു. 13-ാം തിയതി മുതല്‍ 22-ാം തിയതി വരെയാണ് ടാറ്റ പ്ലാന്റ് അടച്ചിടുന്നത്. അശോക് ലൈലാന്‍ഡ് ജൂണില്‍ ഒരാഴ്ച ഫാക്ടറി അടച്ചിട്ടിരുന്നു. ജൂണില്‍ വാണിജ്യ വാഹനങ്ങളുടെ വില്പനയില് 12 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
70,771 യൂണിറ്റുകള്‍ മാത്രമാണ് ജൂണില്‍ വിറ്റഴിഞ്ഞത്. മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകളുടെ വില്പനയില് 19 ശതമാനം ഇടിവുണ്ടായി. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വില്പനയിലുണ്ടായത് 10 ശതമാനം ഇടിവാണ്. ഇക്കാരണത്താല്‍ ഉത്പാദനം കുറക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പ്ലാന്റുകള്‍ അടച്ചിടുന്നത്.