വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്ല് നിയമമായി

 | 
MURMU


വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതി ഒപ്പിട്ടതോടെ ബില്ല് നിയമമായി. കഴിഞ്ഞ ദിവസമാണ് പാർലമെന്റ് ബില്ല് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ഇരുസഭകളിലും വഖഫ് ബില്ല് പാസാക്കിയിരുന്നത്. 232-ന് എതിരെ 288 വോട്ടുകൾക്കാണ് ബില്ല് ലോക്സഭയിൽ പാസായത്. രാജ്യസഭയിൽ നടന്ന വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തിരുന്നു.


17 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് ബില്ല് രാജ്യസഭ കടന്നത്. 13 മണിക്കൂർ ചർച്ചകൾക്കൊടുവിലാണ് ലോക്സഭയിൽ ബില്ല് പാസായത്. പാർലമെന്റിന്റെ ഇരുസഭകളിലും വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൊമ്പുകോർത്തിരുന്നു. രണ്ടാം മോദി സർക്കാരിന്റെ ആദ്യ നീക്കങ്ങളിൽ ഒന്നായിരുന്നു വഖഫ് ഭേദഗതി ബിൽ.

ഇസ്ലാമിക നിയമപ്രകാരം മതപരമോ, ജീവകാരുണ്യമോ, സ്വകാര്യമോ ആയ ആവശ്യങ്ങൾക്കായി ദൈവത്തിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന സ്വത്തുക്കളെയാണ് വഖഫ് എന്ന് വിളിക്കുന്നത്. 1954ൽ വഖഫുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നു. വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം വഹിക്കാൻ സംസ്ഥാന തലത്തിൽ വഖഫ് ബോർഡുകളും കേന്ദ്ര തലത്തിൽ വഖഫ് കൗൺസിലും നിലവിൽ വന്നു. 1995ൽ ഈ നിയമം റദ്ദാക്കി വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. തുടർന്ന് 2013ൽ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വഖഫിന്റെ പ്രവർത്തനം.

പുതിയ ഭേദഗതി നിയമപ്രകാരം മാറ്റം വരുന്നത് 44 വകുപ്പുകളിലാണ്. വഖഫ് നിയമത്തിന്റെ സെക്ഷൻ 3 ( ഐ )യിൽ മാറ്റം വരും. ഭേദഗതി നിലവിൽ വന്നാൽ കൃത്യമായ രേഖകൾ വച്ചുകൊണ്ട് മാത്രമേ വഖഫിന് ഭൂമി ഏറ്റെടുക്കാൻ സാധിക്കൂ. വസ്തു വഖഫ് ആക്കി മാറ്റാൻ വാക്കാലുള്ള ഉടമ്പടി മതിയെന്ന വ്യവസ്ഥ ഇതോടെ മാറും. മാത്രമല്ല, അഞ്ച് വർഷമെങ്കിലും ഇസ്ലാം മതം അനുസരിച്ച് ജീവിക്കുന്നയാൾക്ക് മാത്രമേ വസ്തു വഖഫാക്കി മാറ്റാൻ സാധിക്കുകയുള്ളു. വഖഫ് ബോർഡുകളുടെ അധികാര പരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കപ്പെടുമെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഭേദഗതി പ്രകാരം ഭൂമി വഖഫിൽ പെട്ടതാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ബോർഡിന് നഷ്ടമാകും. പകരം വസ്തുവിന്റെ സർവേ ഉത്തരവാദിത്തം ജില്ലാ കലക്ടർമാർക്കായിരിക്കും. നിലവിൽ ഭൂരിപക്ഷം വഖഫ് ബോർഡ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരാണ്. എന്നാൽ പുതിയ ബില്ല് നിയമമാകുന്നതോടെ സർക്കാരിന് മുഴുവൻ അംഗങ്ങളെയും നോമിനേറ്റ് ചെയ്യാം. സമുദായം നിയന്ത്രിക്കുന്ന ബോർഡുകളിൽ നിന്നും ട്രൈബ്യൂണലുകളിൽ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം ഭരണത്തിലിരിക്കുന്നവരുടെ നിയന്ത്രണത്തിലേക്ക് മാറും.