റോഡ് കുഴിയാക്കിയിടാനാണെങ്കില്‍ പിന്നെ എന്തിനാണ് എന്‍ജിനീയര്‍മാരെന്ന് ഹൈക്കോടതി; രൂക്ഷ വിമര്‍ശനം

റോഡുകളുടെ ശോച്യാവസ്ഥയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. റോഡ് കുഴിയാക്കിയിടാനാണെങ്കില്‍ പിന്നെ എന്‍ജിനീയര്‍മാര്‍ എന്തിനാണെന്ന് കോടതി ചോദിച്ചു. ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാഴക്കുളം സ്വദേശി കുഞ്ഞുമുഹമ്മദ് മരിച്ച കേസിലാണ് കോടതിയുടെ വിമര്‍ശനം. എന്‍ജിനീയര്‍മാര്‍ എന്ത് ജോലിയാണ് ചെയ്യുന്നത്. അവരിപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലാണോയെന്നും ഹൈക്കോടതി ചോദിച്ചു.
അതേസമയം കുഴിയില്‍ വീണത് കൊണ്ടല്ല അദ്ദേഹം മരിച്ചതെന്നും കുഞ്ഞുമുഹമ്മദിന് ഷുഗര്‍ കുറഞ്ഞതിനാല്‍ കുഴഞ്ഞു വീഴുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. മരണ ശേഷം പോലീസ് കുഞ്ഞുമുഹമ്മദിന്റെ മകന്റെ മൊഴിയെടുത്തിരുന്നു. ഇതില്‍ ഷുഗര്‍ കുറഞ്ഞത് കൊണ്ട് കുഴഞ്ഞുവീഴുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വീണ്ടും മൊഴിയെടുക്കാന്‍ പോയപ്പോള്‍ പരാതിയില്ലെന്ന് വീട്ടുകാര്‍ അറിയിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയടക്കല്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് പുതുക്കി പണിയുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ആലുവ- മൂന്നാര്‍ റോഡ് മൂന്ന് വരിയാക്കി പുതുക്കി പണിയുമെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.