സഹായം ചോദിച്ചെത്തുന്നവര്‍ കാരണം വീട്ടില്‍ കയറാന്‍ കഴിയുന്നില്ലെന്ന് ഓണം ബമ്പറടിച്ച അനൂപ്

 | 
anoop

സഹായം ചോദിച്ചെത്തുന്നവര്‍ കാരണം സ്വന്തം വീട്ടില്‍ കയറാന്‍ കഴിയുന്നില്ലെന്ന് ഓണം ബമ്പറടിച്ച അനൂപ്. കുഞ്ഞിന് അസുഖമായിട്ടും ആശുപത്രിയില്‍ പോലും കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. സമ്മാനം കിട്ടിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ഇപ്പോള്‍ മാനസിക ബുദ്ധിമുട്ടിലാണ്. പല സ്ഥലങ്ങളില്‍ നിന്നും സഹായം ചോദിച്ച് ആളുകള്‍ വീട്ടിലെത്തുന്നു. അയല്‍ വീടുകളിലൊക്കെ അവര്‍ കയറിയിരിക്കുന്നതിനാല്‍ തൊട്ടടുത്തുള്ളവര്‍ പോലും പിണങ്ങിയിരിക്കുകയാണ്. 

ഫെയിസ്ബുക്ക് ലൈവിലാണ് അനൂപ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ലൈവിടുന്ന സമയത്തു പോലും ആളുകള്‍ ഗെയിറ്റില്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്. തന്റെ അക്കൗണ്ടില്‍ ഇതുവരെ പണം എത്തിയിട്ടില്ല. ഇനി പണം എത്തിയാലും രണ്ടു വര്‍ഷത്തേക്ക് അത് അക്കൗണ്ടില്‍ തന്നെയിടാനാണ് ഉദ്ദേശിക്കുന്നത്. ടാക്‌സ് സംബന്ധമായ വിവരങ്ങളൊന്നും തനിക്ക് അറിയില്ല. പല വീടുകളിലും മാറി മാറിയാണ് ഇപ്പോള്‍ കഴിയുന്നത്. ആ വീടുകള്‍ പോലും അന്വേഷിച്ച് കണ്ടെത്തി ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. 

റോഡിലിറങ്ങി നടക്കാനോ സ്വന്തം വീട്ടില്‍ മനസമാധാനത്തോടെ ഇരിക്കാനും പറ്റുന്നില്ല. തന്റെ അവസ്ഥ ഇങ്ങനെയായിത്തീരുമെന്ന് കരുതിയിരുന്നില്ലെന്നും അനൂപ് പറഞ്ഞു. ഓണം ബംബറടിച്ചപ്പോള്‍ വല്ലാതെ സന്തോഷിച്ചു. അതിന് ശേഷം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നപ്പോഴും എല്ലാ സാധാരണക്കാരേയും പോലെ സന്തോഷിച്ചു. ഇപ്പോള്‍ ആ അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. 

സഹായം ചോദിച്ചെത്തുന്നവര്‍ എന്റെ അവസ്ഥ കൂടി മനസിലാക്കണം. ശ്വാസം മുട്ടലുമൂലം രണ്ട് മാസമായി ജോലിക്ക് പോയിട്ട്. കുഞ്ഞിന് തീരെ വയ്യ. ഇതിന്റെ പേരില്‍ ആരെങ്കിലും അകന്നാലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അനൂപ് പറഞ്ഞു.