അപമാനിച്ചെന്ന് പരാതി നല്‍കി മാധ്യമപ്രവര്‍ത്തക; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു

 | 
Sreenath Bhasi

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്ത് പോലീസ്. പരസ്യമായി അപമാനിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് മരട് പോലീസ് കേസെടുത്തിരിക്കുന്നത്. അഭിമുഖത്തിനിടെ തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ചട്ടമ്പി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഒരു ഹോട്ടലില്‍ വെച്ച് നടത്തിയ ഇന്റര്‍വ്യൂവിനിടെയായിരുന്നു സംഭവം. വനിതാ കമ്മീഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്. 

ഇന്റര്‍വ്യൂവില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാത്തതിനാല്‍ ശ്രീനാഥ് ഭാസി മോശം പ്രയോഗങ്ങള്‍ നടത്തുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. തെറി അഭിഷേകവും ഭിഷണിയും നടന്നു. പറയാന്‍ പാടില്ലാത്ത രീതിയിലുള്ള അസഭ്യമാണ് പറഞ്ഞത്. തനിക്കൊപ്പമുണ്ടായിരുന്ന ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ പറയുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ ഈ സംഭവം തന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും തനിക്ക് വലിയ മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. 

ഒരു സ്ത്രീയെന്ന പരിഗണന പോലുമില്ലാതെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തില്‍ അധിക്ഷേപിച്ചതിനും തടഞ്ഞതിനും ഞാന്‍ ചെയ്യുന്ന ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശപ്പെട്ട സ്ത്രിയായി ഉപമിച്ചുവെന്നുമാണ് മാധ്യമപ്രവര്‍ത്തക പരാതിയില്‍ പറയുന്നത്.