ജര്‍മന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം മെസ്യുട് ഓസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

 | 
mesude

 

ജര്‍മന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം മെസ്യുട് ഓസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 34കാരനായ ഓസില്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 17 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് ഓസില്‍ വിരമിക്കുന്നത്. 2014ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമില്‍ അംഗമായിരുന്നു. 

ഏറെ ആലോചനകള്‍ക്ക് ശേഷം ആ തീരുമാനം എടുക്കുകയാണ്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ഉടന്‍ അവസാനിപ്പിക്കുന്നു. പിന്തുടരുന്ന പരിക്കുകള്‍ ഈ രംഗത്തു നിന്ന് പിന്‍മാറണമെന്ന് ഓര്‍മിപ്പിക്കുന്നു. ഇതാണ് അതിന് അനുയോജ്യമായ സമയം. 17 വര്‍ഷം ഫുട്‌ബോളില്‍ തുടരാനായത് അഭിമാനമായി കരുതുന്നുവെന്ന് ട്വിറ്ററില്‍ ഓസില്‍ കുറിച്ചു. 

2009ല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച ഓസില്‍ ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ്. 92 രാജ്യാന്തര മാച്ചുകളില്‍ നിന്നായി 23 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 

ക്ലബ്ബ് ഫുട്ബോളില്‍ ആകെ 427 മത്സരങ്ങള്‍ കളിച്ച ഓസില്‍ 73 ഗോളുകള്‍ നേടി. ഷാല്‍ക്കെയില്‍ ക്ലബ്ബ് ഫുട്ബോള്‍ തുടങ്ങിയ ഓസില്‍ പിന്നീട് വെര്‍ഡര്‍ ബ്രെമെന്‍, റയല്‍ മഡ്രിഡ്, ആഴ്സനല്‍ ഫെനെര്‍ബാക്ക് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചു.